Saturday, 24 March 2018

നെല്ലിയാമ്പതി - 'പാവങ്ങളുടെ ഊട്ടി'





പാലക്കാടിന്റെ നഗരഹൃദയത്തിൽ നിന്ന് 60 കിലോമീറ്ററോളം മാറിസ്ഥിതി ചെയ്യുന്ന മനോഹരമായൊരു ഹിൽസ്റ്റേഷനാണ് നെല്ലിയാമ്പതി. നിത്യഹരിത വനമേഖലയായ നെല്ലിയമ്പതി നിരവധി തേയില,കാപ്പി തോട്ടങ്ങളുടെ കേന്ദ്രവുമാണ്.82 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഈ മേഖല ഭാരതപ്പുഴ, കാവേരി തുടങ്ങിയ നദികളുടെ ഒരു പ്രധാന വൃഷ്ടിപ്രദേശവുമാണ്.’ പാവങ്ങളുടെ ഊട്ടി' എന്ന്പാലക്കാടിന്റെ ടൂറിസം ഭൂപടത്തിൽ അറിയപ്പെടുന്ന ഈ പ്രദേശം അതിന്റെ മനോഹരമായ പ്രകൃതി ഭംഗികൊണ്ടും തണുപ്പുള്ള കാലാവസ്ഥ കൊണ്ടും നിരവധി വിനോദ സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

സമുദ്രനിരപ്പിൽ നിന്നും 1585 മീറ്ററിലധികം ഉയരുള്ള ഈ പ്രദേശം ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് തോട്ടം മേഖലയിലേക്കു കടക്കുന്നതും അതിനോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും.പിന്നീട് ഈ തോട്ടങ്ങൾ പ്രദേശവാസികൾക്ക് വിൽക്കുകയുമായിരുന്നു. ഇവിടെ വസിച്ചിരുന്ന ആദിമ മനുഷ്യരുടെ വിശ്വാസ പ്രകാരം നെല്ലിമരത്തിൽ ഉള്ള ദേവതയുടെ ഊര് എന്ന അർത്ഥത്തിലാണ് നെല്ലിയാമ്പതി എന്ന സ്ഥലനാമം ഇവിടെ വീണത്.



പാലക്കാട് നഗരത്തിൽ നിന്ന് KSRTC ബസ്സ് സർവീസ് മാത്രം പൊതുഗതാഗത സൗകര്യമുള്ള ഇവിടെ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഓറഞ്ച് പച്ചക്കറി തോട്ടങ്ങളും സീതാർകുണ്ട് കേശവൻ പാറ തുടങ്ങിയ പ്രദേശങ്ങളും സഞ്ചാരികൾക്ക് അനുഭവിച്ചറിയാനുള്ള കാഴ്ചകളാകുന്നു.


1 comment: